കായംകുളം: ഇല്ലിക്കുളം റെയിൽവേ അടിപ്പാതയിലൂടെയുള്ള റോഡ് തകർന്ന് കുളമായി. റോഡിലെ കുഴിയിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇവിടെ 100 മീറ്ററോളം ദൂരമാണ് തകർന്നു കിടക്കുന്നത്.
കെപിഎസി ജംഗ്ഷൻ ലക്ഷ്മി തിയറ്റർ റോഡിൽനിന്ന് ചേരാവള്ളി റോഡിലേക്ക് കയറുന്നത് ഇല്ലിക്കുളം റെയിൽവേ അടിപ്പാത റോഡിലൂടെയാണ്.
കെപി റോഡിൽ റെയിൽവേ മേൽപ്പാലത്തിന്റെ തെക്ക്ഭാഗത്തായാണ് ഇല്ലിക്കുളം റെയിൽവേ അടിപ്പാതയുള്ളത്. കെപി റോഡിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും ഇതുവഴിയാണ് കടത്തിവിടുന്നത്. കൂടാതെ ലക്ഷ്മി തിയറ്റർ ജംഗ്ഷനിൽനിന്ന് ചേരാവള്ളി ഭാഗത്തേക്കുള്ള എളുപ്പവഴിയാണ് ഇല്ലിക്കുളം റെയിൽവേ അടിപ്പാത റോഡ്.
ഇവിടത്തെ അടിപ്പാതയിലും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും. വെള്ളം കെട്ടിക്കിടന്ന് റോഡിൽ പായൽ പിടിച്ചിട്ടുണ്ട്. ഇവിടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നടന്നുപോകുന്നവരും തെന്നിവീഴുന്നതും പതിവാണ്. റോഡ് തകർന്നു കിടക്കുന്നതു കാരണം ഓട്ടോറിക്ഷകളും മറ്റും ഇതുവഴി പോകാൻ തന്നെ മടിക്കുകയാണ്. റോഡിലെ കുഴികളിൽ വെള്ളം നിറയുന്നത് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കും നടന്നുപോകുന്നവരെയും ദുരിതത്തിലാക്കുകയാണ്.
വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് ജനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കെപി റോഡിനേക്കാളും വാഹനത്തിരക്ക് കുറവായതിനാൽ സ്കൂൾ കുട്ടികൾ സൈക്കിളിലും നടന്നുമൊക്കെ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിൽ വെള്ളം കെട്ടികിടക്കുന്നതിനാൽ മലിനജലത്തിലൂടെ വേണം യാത്രക്കാർക്കു കടന്നുപോകാൻ.